പൂവിനു പൂമ്പൊടി പോലെ
മഞ്ഞിനു നീർത്തുള്ളി പോലെ
വാചകത്തിനു വാക്കു പോലെ
വാക്കിന് അക്ഷരം പോലെ
ചിത്രശലഭത്തിനു സൗന്‌ദര്യം പോലെ
മഴവില്ലിനു നിറങ്ങൾ പോലെ
മഴക്കു മഴത്തുള്ളി പോലെ
ജീവിതത്തിനു ജീവൻ പോലെ
എന്റെ ജീവനു എന്റെ കൂട്ടുകാരൻ ഇല്ലാതെ രൂപമോ ഭാവമോ ഇല്ല
പ്രക്രുതി തന്റെ എല്ലാ ഭംഗികളും പൂക്കൾക്കും മഞ്ഞിനും മഴവില്ലിനും പക്ഷികൾക്കും കൊടുത്തത് പോലെ ഒരു മനുഷ്യ മനസിനു കൊടുക്കാവുന്നതിന്റെ പരമാവധി നൈർമല്ല്യവും സൗന്‌ദര്യവും ശുദ്ധതയും കൊടുത്ത് തന്റെ പ്രിയപ്പെട്ട അമൂല്യ നിധിയായി ദൈവം എന്റെ ജീവിതത്തിലേക്കു തന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ആണ് എന്റെ കണ്ണൻ.
വേനൽ ചൂടിനൊപ്പം ഇലക്ഷൻ ചൂടും ഉറച്ച് വരുകയാണല്ലോ. മീന വെയിൽ വകവയ്ക്കാതെ രണ്ടു കൂട്ടക്കാർ ഓടി നടക്കുകയാണ്. ഉത്സവക്കമ്മിറ്റിക്കാരും ഇലക്ഷൻ കമ്മിറ്റിക്കാരും. ഇടഞ്ഞ ആനയെ എങ്ങനെയും തളയ്ക്കാം പക്ഷെ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധിയെ.. മൽട്ടിസ്പെസ്ഷ്യാലിറ്റി ആശുപത്രികളും എഞ്ജിനീയറിംഗ് കോളേജുകളും വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന മന്ത്രിമാരും മറ്റും അവ ചൂണ്ടിക്കാട്ടി സ്വന്തം കഴിവ് ഉയർത്തിക്കാണിക്കുമ്പോൾ ദാ വരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി സ്വകാര്യ സ്ഥാപനത്തിലെ മന്ത്രിയുടെ ഷെയർ വിവരങ്ങൾ ഉയർത്തിപ്പിടിച്ച്കൊണ്ട്. അങ്ങനെ പൊതു നിരത്തിലും ചാനലുകളിലും വിഴുപ്പലക്കലും തന്തയ്ക്കു വിളിയും കഴിയുമ്പോൾ ജനം വീണ്ടും ഒരു പാർട്ടിയെ അധികാരത്തിലേറ്റും. വീണ്ടും ഒരു വേനൽ കഴിയുംപോഴേയ്ക്കും മലയാളിയുടെ ട്യൂബ് ലൈറ്റ് കത്തും. പക്ഷെ ഇനിയൊരു അവസരം ഉണ്ടായാലും മലയാളിയുടെ കാര്യം തഥൈവ. അപ്പോ ചോദിക്കും എങ്ങനെ അറിയാം എന്നു. "അനുഭവം ഗുരു". പിന്നെ വെറുതെ ഇരുന്നു പണം ഉണ്ടാക്കാൻ ശബരീനാഥിനെ പണക്കാരൻ ആക്കിയ മലയാളി സ്വയം തൂക്കിലേറ്റിയില്ലെങ്കിൽ അല്ലേ അതിശയം?
ഇടവത്തിൽ മഴ പെയ്യുന്നത് കണ്ടിട്ടില്ലേ? ആരെയും കൂസാതെ തിമിർത്ത് പെയ്യുന്ന ഇടവപ്പാതി പോലെയാണ് ആദ്യ കാലങ്ങളിലെ എന്റെ എഴുത്ത്. വിഷമം തോന്നുന്ന എന്തിനെ കുറിച്ചുമെഴുതും. മനസിനെ തൊടുന്ന എന്തിനെയും വിഷയം ആക്കുകയും ചെയ്യും. പിന്നീടെപ്പൊഴൊ ജീവിതത്തിന്റെ ഏതോ ഇടനാഴിയിൽ വച്ച് എഴുതാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടപ്പോൾ മനസിലുള്ള വികാരങ്ങൾ തൂലികതുംബിലേക്ക് വരാൻ വിമ്മിഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ ഞാൻ പേനയുമായുള്ള മൽപ്പിടിത്തം അവസാനിപ്പിച്ചു. ജീവിക്കാൻ പൊലും സമയമില്ലാത്ത വിധം മുന്നോട്ട് കുതിച്ച ജീവിതമാർഗ്ഗതിൽ എവിടെയോ വച്ച് എന്നിലെ എഴുത്ത്കാരി മരിക്കുകയായിരുന്നോ?
ആശയുടെ ഓരോ കിരണത്തിലും ജീവന്റെ വെള്ളിവെളിച്ചം കാണാൻ കൊതിച്ച് അവൾ എന്റെ ഉള്ളിൽ ഉറങ്ങുകയായിരുന്നു എന്നു വിശ്വസിക്കാൻ ഞാൻ അറിയാതെ ആഗ്രഹിച്ചുപോകുന്നു
മഴയുടെ ഓര്‍മയായ് ഒരു പുല്ലിന്‍ നാംബിലായ്
ഒരു മഴ്ത്തുള്ളി തിളങ്ങും പോലെ
പ്രണയത്തിന്‍ ഓര്‍മയായ് വിരഹത്തിന്‍ നോവിലായ്
ഒരു കൊച്ച് നീര്‍ത്തുള്ളി മിന്നി നിന്നു.
വഴിയറിയാതെ അലറിക്കുതിച്ചെങ്ങോ
ഒഴുകി മറയുന്ന പുഴയെ പൊലെ
പ്രണയത്തിന്‍ വഴികളില്‍ ദിശയറിയാതെ ഞാന്‍
നോവിന്റെ താഴ്വാരം തേടിപ്പോയി
കുയിലുകള്‍ കൂകിപ്പറക്കുമീ പുലരിതന്‍
അരുണിമ എന്നില്‍ നിറഞ്ഞു നില്‍ക്കെ
ബാല്യത്തില്‍ പാടിപ്പടിച്ചൊരു ഗാനത്തിന്‍
ശീലുകള്‍ ചുണ്ടില്‍ വിരുന്ന് വന്നു
അറിയാതെ ഈണത്തില്‍ പാടി ഞാന്‍ ആ ഗാന
മാധുര്യം തന്നില്‍ ലയിച്ചു ചേര്‍ന്നു
കിളികള്‍തന്‍ കൊഞ്ചലും പുലരിതന്‍ ശോഭയും
എന്നിലെന്‍ ബാല്യത്തെ തുയിലുണര്‍ത്തി
കണ്ണീരിന്‍ നനവുള്ള കവിളത്തുനിന്നൊരു
മഴവില്ലിന്‍ നിറമാല തൊട്ടെടുത്തും
തേങ്ങിക്കരഞ്ഞുകൊണ്ടെത്തുന്ന കാറ്റിന്റെ
സുഖമുള്ളൊരാലസ്യം കവര്‍ന്നെടുത്തും
ഒരു നൂറ് വാക്കുകള്‍ കൂട്ടിയിണക്കി ഞാന്‍
കവിതതന്‍ രൂപത്തില്‍ മേഞ്ഞെടുത്തു
അറിയാതെ കവിതതന്‍ ഭാണ്ഡത്തെ ഞാനെന്റെ
മനസിന്റെ അറയില്‍ അടച്ചുവച്ചു
ഒരു കൊച്ച് കുഞ്ഞിന്റെ മനസുമായ് ഞാനിന്ന് കോരിച്ചൊരിയുന്ന മഴയില്‍ നില്‍ക്കെ
വേലിപ്പടര്‍പ്പിലായ് മഴയില്‍ കുതിര്‍ന്നൊരു പുല്ലാനിത്തൈ നിന്നു കാറ്റ് കൊണ്ടു
അകത്തളത്തില്‍ നിന്നും അമ്മതന്‍ കാലൊച്ച കാതില്‍ പതിഞ്ഞൊരാ അരനിമിഷം
ഒരു കൊച്ച് പുൽനാമ്പിൻ ജന്മം കൊതിച്ചു ഞാന്‍ മതിയാവോളം ആ മാരി കാണാന്‍